"ലക്ഷദ്വീപ് തിരിച്ച് നല്‍കണം" : കണ്ണൂര്‍ അറക്കല്‍ കുടുംബം


കണ്ണൂര്‍ : മാലിഖാന (ഭൂമിവിട്ടുകൊടുത്ത ജന്മികൾക്ക് ഉപജീവനാർഥം വർഷംതോറും നൽകുന്ന ആദായം)വര്‍ദ്ധിപ്പിക്കാത്തപക്ഷം ലക്ഷദ്വീപ് തിരിച്ചു കിട്ടണമെന്ന് അറക്കല്‍ രാജവംശം ആവശ്യമുന്നയിക്കുന്നു. 1905-ലെ കരാര്‍ പ്രകാരം ലക്ഷദ്വീപ് വിട്ടുനല്‍കിയതിന് നഷ്ടപരിഹാരമായി പ്രതിവര്‍ഷം 23000 രൂപയാണ് മാലിഖാന ലഭിക്കുന്നത്. ഇത് പ്രതിമാസം 1916 രൂപ 12 പൈസ വീതമായാണ് ട്രഷറിയില്‍ നിന്ന് അറക്കല്‍ ബീവി ഒപ്പിട്ടു വാങ്ങുന്നത്.

രാജപദവിയും ആചാരങ്ങളും നിലനിര്‍ത്താന്‍ ഈ തുക അപര്യാപ്തമായ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിക്കാന്‍ രാജവംശം ആവശ്യപ്പെടുന്നത്. ഇതിനായി അറക്കല്‍ റോയല്‍ ട്രസ്റ്റ് രൂപീകരിച്ച് പോരാട്ടത്തിന്റെ പാതയിലാണ് രാജവംശം.

1545 മുതല്‍ 1819 വരെ 274 വര്‍ഷക്കാലം കണ്ണൂര്‍ ആസ്ഥാനമായ അറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപിലെ ആന്ത്രോത്ത്, കല്‍പേനി, കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകള്‍. 19876 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വിസ്തൃതി. മദ്രാസ് പ്രസിഡന്‍സിയുടെ 417-നമ്പര്‍ ഉത്തരവു പ്രകാരം 1905 ജൂലൈ ഒന്നിന് അറക്കല്‍ രാജവംശം ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കൈമാറുകയായിരുന്നു. അന്നത്തെ അറക്കല്‍ സ്ഥാനപതി ആദിരാജാ ഇമ്പിച്ചി ബീവിയും ഫോര്‍ട്ട് സെന്റ് ജോര്‍ജ് കൗണ്‍സില്‍ ഗവര്‍ണറും തമ്മിലായിരുന്നു കരാര്‍. 70 പൈസയുടെ മുദ്രപത്രങ്ങളിലായിരുന്നു കരാര്‍ തയാറാക്കിയിരുന്നത്.

അഞ്ച് ദ്വീപുകള്‍ മദ്രാസ് പ്രസിഡന്‍സിക്ക് വിട്ടുനല്‍കുന്നതിന് പകരമായി പ്രതിവര്‍ഷം 23000 രൂപ മാലിഖാന അതതു കാലത്തെ അറക്കല്‍ സ്ഥാനപതിമാര്‍ക്ക് നല്‍കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. അന്ന് ആരംഭിച്ച മാലിഖാന ഇപ്പോഴും ലഭിച്ചു വരുന്നുണ്ട്. കരാര്‍ നിലവില്‍ വന്ന 1905ല്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 3 രൂപ 30 പൈസയായിരുന്നു. ഒരു വര്‍ഷം മാലിഖാനയായി കിട്ടുന്ന 23000 രൂപ 6969 പവന്‍ സ്വര്‍ണ്ണത്തിന് തുല്യമായിരുന്നു. അങ്ങനെ വരുമ്പോള്‍ അന്നത്തെ 23000 രൂപയുടെ ഇന്നത്തെ മൂല്യം 139380000 രൂപയാണ്. അതായത് ഇന്നത്തെ 6969 പവന്റെ വില. ഇത് ലഭിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്ന് രാജവംശം കരുതുന്നു.

ഇത്രയും നല്‍കുന്നത് പ്രായോഗികമല്ലെങ്കില്‍ രാജവംശത്തിന് നിലനിന്നു പോകാന്‍ തക്കതായ വര്‍ദ്ധന അനിവാര്യമാണ്. അതിനും തയാറല്ലെങ്കില്‍ തങ്ങള്‍ വിട്ടു നല്‍കിയ ദ്വീപുകള്‍ തിരികെ കിട്ടണമെന്ന് അറക്കലിലെ പുതു തലമുറ വാദിക്കുന്നു.

കഴിഞ്ഞമാസം ഒമ്പതിന് ചേര്‍ന്ന 57 പേര്‍ പങ്കെടുത്ത അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ ജനറല്‍ ബോഡിയിലാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അറക്കല്‍ ബീവി ആദിരാജ സൈനബ ആയിഷ രോഗശയ്യയിലാണ്. മരുന്നും ഹോം നഴ്‌സിന്റെ ശമ്പളവും ഉള്‍പ്പെടെ പ്രതിമാസം ഭാരിച്ച ചിലവു വരും. അറക്കല്‍ സന്ദര്‍ശനത്തിനെത്തുന്ന ചരിത്രകാരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സൗകര്യമൊരുക്കുന്നതും ബാധ്യതയാണ്.

അറക്കലിനു കീഴില്‍ നാലു പള്ളികളുണ്ട്. ഇവയുടെ ദൈനംദിന കാര്യങ്ങള്‍ക്കും അറ്റകുറ്റപണികള്‍ക്കും വന്‍തുക ആവശ്യമാണ്. സര്‍ക്കാര്‍ മ്യൂസിയമാക്കി പ്രഖ്യാപിച്ചെങ്കിലും അറക്കല്‍ കെട്ട് ഇടിഞ്ഞുപൊളിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്.

പ്രതിമാസം ലഭിക്കുന്ന 1916 രൂപ 12 പൈസ കൊണ്ട് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാലിഖാന വര്‍ദ്ധിപ്പിച്ച് കിട്ടാനുള്ള ശ്രമം ആരംഭിച്ചതെന്ന് അറക്കല്‍ ബീവിയുടെ മകന്‍ ആദിരാജ മുഹമ്മദ് റാഫി ചന്ദ്രികയോട് പറഞ്ഞു. 2010 മാര്‍ച്ച് 22ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ആദ്യ നിവേദനം നല്‍കി.

അത് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതായി മറുപടി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചു. ഇപ്പോഴും ശ്രമം തുടരുകയാണ്. ഫലമുണ്ടായില്ലെങ്കില്‍ അടുത്ത നടപടിയിലേക്ക് കടക്കാനാണ് അറക്കല്‍ റോയല്‍ ട്രസ്റ്റിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂതിരി രാജവംശത്തിലെ 850 പേര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്. 200 പേര്‍ മാത്രമായിരുന്നിട്ടും അറക്കലിന് ഇത് ലഭിക്കുന്നില്ല. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച ശേഷവും ഇന്ത്യന്‍ ഭരണകൂടം അറക്കലിന്റെ രാജപദവി അംഗീകരിക്കുകയും ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാര്‍ പാലിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മാലിഖാന ഇപ്പോഴും ലഭിച്ചുവരുന്നത്.

ലക്ഷദ്വീപില്‍ നിന്നുള്ള സര്‍ക്കാറിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിവര്‍ഷം 50,000 മില്യന്‍ ഡോളറാണ്. മാലിഖാന വര്‍ദ്ധിപ്പിച്ചു കിട്ടുന്നതിനായുള്ള അറക്കലിന്റെ വാദമുഖങ്ങള്‍ ഇങ്ങനെ നീളുന്നു.

കടപ്പാട്: ചന്ദ്രിക (22/7/13 ല്‍ പ്രസിദ്ധീകരിച്ചത്)