ചരിത്രമുറങ്ങുന്ന "ബീക്കുന്നിപ്പാറ"



അഗത്തി ദ്വീപിന്‍റെ തെക്കേഅറ്റത്തുള്ള കല്‍പിട്ടി എന്ന തുരുത്തില്‍ 4മീറ്ററോളം ഉയരത്തില്‍ ഒരു പാറയുണ്ട്. ഇപ്പോള്‍ ഇതിന്‍റെ കുറേ ഭാഗങ്ങള്‍ നശിച്ചെങ്കിലും ദ്വീപിലെ ഒരു ചരിത്ര പ്രതീകമായി ഇന്നും ഇത് നിലകൊള്ളുന്നു.

ഇതിന്‍റെ പേരിന്പിന്നിലെ സംഭവം ഇങ്ങനെ വിവരിക്കാം. ദ്വീപുകള്‍ അറയ്ക്കല്‍ ബീവിയുടെ ഭരണത്തിന്‍ കീഴിലുള്ള കാലം. ദ്വീപിലെ പ്രധാന ഉത്പന്നങ്ങളായ തേങ്ങ, ശര്‍ക്കര, മാസ് തുടങ്ങിയവയില്‍ നിന്നും കരം (നികുതി) ബീവി പരിപ്പിച്ചിരുന്നു. ദ്വീപുകാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ കരം കൊടുക്കാത്തവര്‍ക്ക് ശിക്ഷ കൊടുക്കുന്നത് കാരണം നാട്ടുകാര്‍ കരം കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു. ബിവി ഇത് നടപ്പിലാക്കാനായി ഓരോ ദ്വീപിലും കാര്യക്കാരന്‍ എന്ന പദവിയില്‍ ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. അഗത്തി ദ്വീപില്‍ ബീവി കാര്യക്കാരനായി നിയമിച്ചത് ബലിയഇല്ലത്ത് കുഞ്ഞിഅഹമ്മദ് എന്ന വ്യക്തിയേയായിരുന്നു.

കാലവര്‍ഷം നാശം വിതച്ച ഒരു മാസം ദ്വീപുകാര്‍ക്ക് ബീവി നിശ്ചയിച്ച കരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാല്‍ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന ബീവിക്ക് ദ്വീപുകാരില്‍ നിന്ന് കരം കിട്ടണമെന്നും ശഠിച്ചു. നാട്ടുകാരനായ കാര്യക്കാരന്‍ കുഞ്ഞിഅഹമ്മദ് ജനങ്ങള്‍ക്കൊപ്പം നിന്നു.

ബീവിയുടെ കല്‍പന കാര്യക്കാന്‍ മാനിക്കുന്നില്ലെന്ന് കണ്ട ബീവി ദ്വീപിനെ അക്രമിക്കാന്‍ തയ്യാറെടുത്തു. 'കവര്‍ച്ച' എന്ന രീതിയിലാണ് ബീവിയുടെ പട്ടാളക്കാര്‍ അഗത്തി ദ്വീപിനെ അക്രമിച്ചത്. ഇവര്‍ വീടുകള്‍ പൊളിക്കുകയും സകല വസ്തുക്കളും അപഹരിക്കുകയും ചെയ്തു. കാര്യക്കാനേയും വീട്ടുകാരേയും കൊന്നോടുക്കുകയും ഇവരെ കടലിലൊഴുക്കുകയും ചെയ്തു. ഇവിടെ ഇന്നും 'ബലിയഇല്ലത്തുകാരെ വിട്ടശാല്‍' എന്ന പേരില്‍ ഒരു ആര്‍ (കടല്‍ തീരം) തന്നെയുണ്ട്.

ബീവിയുടെ പട്ടാളക്കാര്‍ ബലിയഇല്ലത്തുകാരെ കൊന്നൊടുക്കുമ്പോള്‍ ഈ വീട്ടിലെ ഒരു പെണ്‍കുഞ്ഞായ ബീക്കുന്നി ഇതൊന്നുമറിയാതെ അയല്‍ വീടായ പൂവ്വാത്തിയോട എന്ന വീട്ടില്‍ കളിച്ചുകൊണ്ടിക്കുകയായിരുന്നു. മരണം മണത്തറിഞ്ഞ ഈ വീട്ടുകാരനായ അടിയാന്‍ എന്നയാള്‍ ബീക്കുന്നിയെ തന്‍റെ വീടിനുള്ളില്‍ ഒളിപ്പിച്ചു. രാത്രിയില്‍ അടിയാന്‍ ബീക്കുന്നിയേയും കൊണ്ട് തെക്കേഅറ്റത്തുള്ള കല്‍പിട്ടിയില്‍ കൊണ്ട്പോയി അവിടെ കണ്ട ഒരു വലിയ പാറയുടെ പൊത്തില്‍ ഇരുത്തി തിരിച്ച് വന്നു. പട്ടാളക്കാര്‍ തിരിച്ച് പോകുന്നത് വരെ ബീക്കുന്നി ഈ പാറയില്‍ ഒളിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. മുന്ന് ദിവസം ബീക്കുന്നി വെള്ളവും ഭക്ഷണവുമില്ലാതെ ഇവിടെ കഴിച്ച് കൂട്ടി. പട്ടാളക്കാര്‍ നാടുവിട്ടപ്പോള്‍ നാട്ടുകാര്‍ വന്ന് ബീക്കുന്നിയെ തിരിച്ച് കൊണ്ട് വന്നു. പട്ടാളക്കാര്‍ക്ക് ബീക്കുന്നി ജീവിച്ചിരുക്കുന്ന കാര്യം അറിഞ്ഞാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് ബീക്കുന്നിയെ ഇവര്‍ അമിനിയിലേക്ക് മാറ്റി.

ഇങ്ങനെ ബീക്കുന്നി എന്ന പെണ്ണിന് അഭയം നല്‍കിയ ഈ പാറയ്ക്ക് പിന്നീട് നാട്ടുകാര്‍ "ബീക്കുന്നിപ്പാറ" എന്ന് വിളിച്ച് തുടങ്ങി.

1 comment:

  1. BIO-VISION VIDEO BLOG'S WISHES. PL ADD A LINK OF BIO-VISION ID http://bio-vision-s.blogspot.in/

    ReplyDelete

Thank You for ur Comment