ലക്ഷദ്വീപിലെ കപ്പല്‍ അപകടങ്ങള്‍



-സര്‍ഫ്രാസ് തെക്കിളഇല്ലം

"രിയം നാട് ബിലാത്തി ഹമേരിക്ക
അവിടേണ്ടോരുക്കിയ എണ്ണേ കപ്പലൊന്ന്
കപ്പല പുഞ്ചിരി പായും നിറച്ചോടി
കള്ളും കുടിച്ച് ചരിഞ്ഞവര്‍ കപ്പിത്താന്‍
ബംഗാരം തിണ്ണകര രണ്ടും ചുറ്റിയേ
കപ്പല കൊണ്ട്പോയി പാറോട് കേറ്റിയേ
അണിയത്ത് രണ്ടെണ്ണം ആമരത്ത് രണ്ടെണ്ണം
അങ്ങനെ നാലെണ്ണം നട്ടാരി ബൈപ്പിച്ചേ
ബേപ്പിട്ട് രണ്ട് ബെടിബച്ചോര്‍ കപ്പലിത്താന്‍
എങ്കിലും കപ്പല്‍ നടന്നില്ല ബൈയ്യോട്ട് ...

കോല്‍ക്കളിപ്പാട്ടിന്റെയും പരിചക്കളിയുടേയും ഇഷലുകളായി നമ്മള്‍ കേട്ട് വരാറുള്ള ഈരടികളാണ് മുകളില്‍ കൊടുത്തത്. ലക്ഷദ്വീപില്‍ തകര്‍ന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് അന്ന് ദ്വീപുകാരനായ ഒരാള്‍ രചിച്ച ഈ ഗാനം ദ്വീപുകാര്‍ക്ക് ഏറെ ഹൃദ്യസ്തമാണ്. കപ്പല്‍ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള നിരവധി പാട്ടുകള്‍ ദ്വീപുകളില്‍ പാടിവരാറുണ്ട്. ഇത്തരം പാട്ടുകളില്‍ നിന്ന് ദ്വീപുകളില്‍ നടന്ന കപ്പല്‍ ദുരന്തങ്ങളുടെ ഏകദേശ ചിത്രം നമുക്ക് ലഭ്യമാകുന്നു.
മൂന്ന് അന്തര്‍ദേശീയ കപ്പല്‍ ഗതാഗത വഴികള്‍ കടന്ന് പോകുന്ന ലക്ഷദ്വീപുകള്‍ പലപ്പോഴും കപ്പലോട്ടക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നതായി ചരിത്രത്താളുകളില്‍ നമുക്ക് ദര്‍ശിക്കാനാവും. പണ്ട് മുതലേ വ്യാപാര ആവശ്യങ്ങള്‍ക്കായി സഞ്ചരിച്ച വിദേശ കപ്പലുകള്‍ ഈ ദ്വീപുകള്‍ വഴിയായിരുന്നു കടന്ന് പോയത്. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരുപാട് കപ്പല്‍ ദുരന്തങ്ങള്‍ ദ്വീപിനെ ചുറ്റിപ്പറ്റി നടന്നിട്ടുണ്ടെന്ന് ഊഹിക്കാവുന്നതാണ്. 36 ദ്വീപുകളുടെ കൂട്ടമായ ലക്ഷദ്വീപില്‍ 3 പാറുകളും ഉള്‍പ്പെടുന്നു. ‌ഇവയാണ് മറ്റ് ദ്വീപുകളെ അപേക്ഷിച്ച് നാവികര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നത്. കൂടുതല്‍ കപ്പല്‍ അപകടങ്ങള്‍ നടന്നത് തന്നെ ഇവയില്‍ ഒന്നായ ലക്ഷദ്വീപിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയപാണിയിലാണ്.
ഇപ്പോള്‍ ഒട്ടു മിക്ക ദ്വീപുകളിലും ലൈറ്റ് ഹൗസുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നൂറ്റാണ്ടുകള്‍ക്കപ്പുറം കപ്പലുകള്‍ക്ക് സൂചന കൊടുക്കാന്‍ ഒന്നും തന്നെ ഇവിടെ ഇല്ലായിരുന്നു. എന്നാല്‍ ചില ദ്വീപുകളില്‍ വിളക്ക് മാടങ്ങള്‍ നാട്ടുകാര്‍ തന്നെ സ്ഥാപിച്ചിട്ടുള്ളതായും പറയപ്പെടുന്നു. പ്രത്യേക അടയാളങ്ങളൊന്നുമില്ലാതെ ഇപ്പോഴും നില്‍ക്കുന്ന മുകളില്‍ പറയപ്പെട്ട പാറുകള്‍ ഇന്നും ദൂരദേശ കപ്പലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ഇവയില്‍ പലതും അടുത്തകാലം വരെ നാവിക ഭൂപടത്തില്‍പോലും രേഖപ്പെടുത്തിയിരുന്നില്ല. പ്രസിദ്ധ കപ്പലോക്കാരായ ഇബ്ദു മാജിദ്, മാര്‍ക്കോപോളോ, ഇബ്ന് ബത്തൂത്ത, വാസ്കോഡ ഗാമ തുടങ്ങിയവര്‍ ലക്ഷദ്വീപ് വഴി സഞ്ചരിച്ചതായി കാണാം.
ലക്ഷദ്വീപിലെ കപ്പല്‍ ദുരന്തത്തിന് തുടക്കം കുറിക്കുന്നത് (ചരിത്ര രേഖകളില്‍ നിന്ന്) ഹിജ്റ 41 ല്‍ അമിനിക്കടുത്ത് വെച്ച് തകര്‍ന്ന ഒരു കപ്പലിലൂടെയാണ്. 14 പേരടങ്ങുന്ന ഒരു പായ കപ്പല്‍ ജിദ്ദയില്‍ നിന്ന് യാത്ര തിരിക്കുകയും അത് അമിനിക്കടുത്ത് വെച്ച് കൊടുങ്കാറ്റില്‍ തകരുകയും പ്രസ്തുത കപ്പലില്‍ യാത്ര ചെയ്തിരുന്ന ഹസ്രത്ത് ഉബൈദുള്ള() മാത്രം ഒരു മരപ്പലകയില്‍ അമിനിയിലേക്ക് രക്ഷപ്പെടുകയും ചെയ്തതായി ഫുത്തുഹാത്തുല്‍ ജസാഇര്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞതായി ഡോ.എന്‍.മുത്തുകോയയുടെ ലക്ഷദ്വീപ് ചരിത്രം (പേജ് 107) എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഹസ്രത്ത് ഉബൈദുള്ള () യാണ് മിനിക്കോയി ഒഴികെയുള്ള ദ്വീപുകളില്‍ ഇസ്ലാം മതത്തിന്റെ സന്ദേശവുമായി പരിശുദ്ധ മദീനയില്‍ നിന്ന് ഇവിടെ എത്തിയത്.
പിന്നീട് ആധികാരികമായി രേഖകളില്‍ കാണുന്ന കപ്പല്‍ ദുരന്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1594- ല്‍ മലബാര്‍ തീരത്തില്‍ നിന്നും തീര്‍ത്ഥാടകരേയും കൊണ്ട് പുറപ്പെട്ട മുഹമ്മദ്(Mohomed) എന്ന യാത്രാ കപ്പല്‍ അമിനിക്കടുത്ത് വെച്ച് അപകടത്തില്‍ പെട്ടു. ഇതിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും തന്നെ രക്ഷപ്പെട്ടു. അമിനി കച്ചേരി ജെട്ടിക്കരികെ സ്ഥാപിച്ചിരിക്കുന്ന പീരങ്കികള്‍ ഈ കപ്പലില്‍ നിന്നും ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.[3]

1827 ആഗസ്റ്റ് 7-ാം തിയതി രാവിലെ 3 മണിക്ക് ബോംബെയില്‍ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ബൈരങ്കോര്‍ (Bairamgore) എന്ന കപ്പല്‍ ചെറിയപാണി പാറില്‍ അപകടത്തില്‍ പെട്ടു. കപ്പിത്താനായിരുന്ന ക്രോക്കറ്റ് മംഗലാപുരം കളക്ടറിനെ വിവരം അറിയിക്കുകയും അവിടെ നിന്ന് ഒരു സംഘം ചെറിയപാണിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ മോശം കാലാവസ്ഥകാരണം കപ്പലിനെ രക്ഷിക്കാനായില്ല. [1] ഈ കപ്പലിന്റെ ഓര്‍മ്മയ്ക്കാണ് ചെറിയപാണി പാറിനെ ' ബൈരങ്കോര്‍ റീഫ് 'എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഈ കപ്പലിലിന്റെ ചരക്കുകളില്‍ കൂടുതലും സില്‍വറും സില്‍ക്കുമായിരുന്നു.[2]

1844- ല്‍ ഇംഗ്ലണ്ടില്‍ നിന്നും ബോംബെയിലേക്ക് പോവുകയായിരുന്ന സിലോണ്‍ (Celon) എന്ന കപ്പല്‍ ഇതേ ചെറിയപാണി പാറില്‍ ഇടിച്ചു. ഈ കപ്പലും ഈസ്റ്റിന്ത്യാ കമ്പനിയുടെതായിരുന്നു. ഇതിലെ ജിവനക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടില്ല.[1] ചീഫ് അസിറ്റന്‍ഡ് ആയിരുന്ന സര്‍.റോബിന്‍സണ്‍ ഇവിടെയെത്തി കപ്പലിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. തനിക്ക് ഇതിന്റെ ഭാഗമായി ലഭിച്ച തുകയില്‍ നിന്ന് 4000 രൂപ ദരിദ്രരായ ദ്വീപുകാരെ സഹായിക്കുന്ന ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കാന്‍ സര്‍ക്കാരിനെ ഏല്‍പിക്കുകയും ചെയ്തു.[3] ഇതേ വര്‍ഷം തന്നെ ബോംബെയില്‍ നിന്ന് മദ്രാസിലേക്ക് പോവുകയായിരുന്ന ഇസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലായ ഫാല്‍കോണ്‍ (Falcon) എന്ന കപ്പലും ഇവിടെ വെച്ച് അപകടത്തില്‍ പെട്ടു.[1]

1848- ഏപ്രില്‍ 14 ന് മലേഷ്യയില്‍ നിന്ന് ജിദ്ദയിലേക്ക് തീര്‍ത്ഥാടകരേയും കൊണ്ട് പുറപ്പെട്ട ഫുട്ടി റസൂല്‍ (Futti Rasool) എന്ന യാത്രാ കപ്പല്‍ അഗത്തി ദ്വീപിന്റെ വടക്ക് ഭാഗത്ത് ഇടിച്ചു തകര്‍ന്നു. ഇതിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രക്ഷപ്പെടുകയും ചെയ്തു.[1]

1853- മാര്‍ച്ച് 27 ന് ലിവര്‍പൂളില്‍ നിന്ന് ബോംബെയിലേക്ക് പോവുകയായിരുന്ന വിസിയര്‍ (Vizier) എന്ന കപ്പല്‍ ചെറിയപാണി പാറില്‍ ഇടിച്ച് തകര്‍ന്നു.[1] ഇതിലെ യാത്രക്കാര്‍ രക്ഷപ്പെടുകയും ചെത്ത്ലാത്തിലെത്തില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇവിടെ താമസിക്കുന്നതിനിടയിലാണ് അവരിരൊരാളായ കാര്‍പെന്റര്‍ പ്രീം റോസ് എന്ന നാവികന്‍ മരണമടയുകയും ഇദ്ദേഹത്തെ തെക്ക് ഭാഗത്ത് മറവ് ചെയ്യുകയും ചെയ്തത്.[3]
1863- ല്‍ ഇംഗ്ലണ്ടില്‍ നിന്നും ബോബേയിലേക്ക് പോവുകയായിരുന്ന ജനറല്‍ സിംപ്സണ്‍ (General Simpson) എന്ന കപ്പല്‍ ചെത്ത്ലാത്തിലെത്തിനടുത്ത് വെച്ച് തകര്‍ന്നു. ഈ കപ്പലില്‍ നിറയെ പരുത്തി കെട്ടുകളായിരുന്നു.[1] ഇതിലെ നാവികരാണ് പ്രിംറോസിനായി ഒരു ശവകുടീരം പണിതത്. ശവകുടീരം പണിയാനും മറ്റും ബ്രിട്ടീഷുകാരെ സഹായിച്ച ചെത്ത്ലാത്ത് ദ്വീപുകാരനായ പാത്തുമ്മായിത്തിയോട ആലിമുഹമ്മദ് എന്നയാള്‍ക്ക് ബ്രിട്ടീഷുകാര്‍ "ഖാന്‍ ബഹാദൂര്‍" പട്ടം നല്‍കി ആദരിച്ചു.[6] ലക്ഷദ്വീപിലെ ഏക ഖാന്‍ ബഹാദൂര്‍ പട്ടക്കാരനും ഇദ്ദേഹമായിരുന്നു. ജനറല്‍ സിംപ്സണ്‍ എന്ന കപ്പലിലെ ചരക്ക് സാധനങ്ങള്‍ എടുത്ത് കൊണ്ട് പോകാന്‍ ഇവിടെ എത്തിയ ടച്ചുറസ്സാക്ക് ( Tutch Rusack) എന്ന കപ്പലും ഇവിടെ വെച്ച് അപകടത്തില്‍പെട്ടു. [3]

ഒരു സ്വീഡിഷ് കപ്പല്‍ കൂടി ചെത്ത്ലാത്ത് ദ്വീപില്‍ തകര്‍ന്നതായി പറയപ്പെടുന്നു. അതിലെ നാവികര്‍ക്ക് നാട്ടുകാര്‍ അഭയം നല്‍കി. ഇതില്‍ സന്തുഷ്ടനായ ആ കപ്പലിലെ കപ്പിത്താന്‍ ഇവിടത്തെ മുഹിയുദ്ധീന്‍ പള്ളി പുതുക്കി പണിയുവാന്‍ ആവശ്യമായ ദേവദാരു മരം കപ്പലില്‍ നിന്നും സൗജന്യമായി ഇറക്കിക്കൊടുത്തുവെന്നും പറയപ്പെടുന്നു. [8]

1854-ല്‍ ബോംബെയില്‍ നിന്ന് മോറിഷ്യസിലേക്ക് പുറപ്പെട്ട ഹോമിദി (Homidy) എന്ന അറബി കപ്പല്‍ ചെറിയപാണി പാറില്‍ ഇടിച്ചു. എന്നാല്‍ ഇതിലെ ചരക്കുകളും കണ്ടെടുക്കുകയും യാത്രക്കാര്‍ രക്ഷപ്പെടുകയും ചെയ്തു. [1]

1858- ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ബോബേയിലേക്ക് പുറപ്പെട്ട ആല്‍ക്കമിസ്റ്റ് (Alchemist) എന്ന കപ്പലും ഇതേ വര്‍ഷം തന്നെ മോറിഷ്യസില്‍ നിന്നും ബോബേയിലേക്ക് യാത്ര തിരിച്ച സുല്‍ത്താന്‍ (Sulthan) എന്ന കപ്പലും ചെറിയപാണി പാറില്‍ തകര്‍ന്നു.[1]
1865- ല്‍ ഡച്ച് കപ്പലായ ആബേല്‍ താസ്മാന്‍ (Abel Thasman) ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന വഴി ഇവിടെ വെച്ച് തകര്‍ന്നു. ഇതേ വര്‍ഷം ലോഡ് ബ്രാഹ്മാന്‍ (Lord Broughman) എന്ന കപ്പലും ഇതേ പാറിലടിച്ചാണ് തകര്‍ന്നത്. [1]

1860- ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പലായ ഹോപ് വെല്‍ (Hope well) കല്‍പേനി ദ്വീപിനടത്തുവെച്ച് പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നു. [1]
1880- ല്‍ കല്‍ക്കരിയുമായി പോവുകയായിരുന്ന അമേലിയ (Amelia) എന്ന നൗകയും ഇതേ ദ്വീപിനടത്തുവെച്ചാണ് അപകടത്തില്‍ പെട്ടത്. ഈ കപ്പലിലുണ്ടായിരുന്ന വലി പാത്രങ്ങള്‍ 1922- ലെ കൊടുങ്കാറ്റില്‍ കല്‍പേനിയുടെ കരക്കടിഞ്ഞിരുന്നു. [1]

1881- ല്‍ സര്‍ക്കാരിന്റെ ബിയറുമായി മലബാരില്‍ നിന്ന് ബോംബെയിലേക്ക് പോവുകയായിരുന്ന മഹാബലേഷ്വര്‍ (Mahableshwar) എന്ന കപ്പല്‍ ബംഗാരം ദ്വീപിനടത്തുവെച്ച് പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നു. ഇതിലെ നാവികരെല്ലാം രക്ഷപ്പെടുകയും മൂന്ന് മാസത്തോളം ബംഗാരത്തില്‍ താമസിക്കുകയും ചെയ്തു.[1] മണ്‍സൂണ്‍ കഴിഞ്ഞ് അഗത്തിയില്‍ നിന്നെത്തിയ മീന്‍പിടുത്തക്കാരാണത്ര ഇവരെ രക്ഷപ്പെടുത്തിയത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാന്‍ സാധിക്കും.[2] 17-ാം നൂറ്റാണ്ടില്‍ ഒരു അറബ് പായ കപ്പല്‍ ഈ ദ്വീപിന്റെ പടിഞ്ഞാറ് തീരത്ത് കയറി. ഇത് പൂര്‍ണ്ണമായും ഇപ്പോള്‍ മണ്ണിലടിയിലാണ്.[1]

1899- ല്‍ ട്രന്‍സ്കോപ് (Thrunscope) എന്ന കപ്പല്‍ മിനിക്കോയി ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പവിഴപ്പാറില്‍ ഇടിച്ച് തകര്‍ന്നു. 1909 -ല്‍ ലണ്ടനില്‍ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഡഫ്രീം മാനര്‍ (Daffryn Manor) എന്ന കപ്പലും ഇവിടെ വെച്ച് കതരുകയുണ്ടായി. ഇത് ഈ കപ്പലിന്റെ കന്നിയാത്രയായിരുന്നു. കപ്പലിലുണ്ടായിരുന്ന പ്രധാന ചരക്കായ അരി നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു. ഈ കപ്പലിന്റെ ഒരു കുളിമുറി കച്ചേരിയുടെ അരികെ പരിശോധനാ ഉദ്യോഗസ്ഥര്‍ക്കായി സ്ഥാപിച്ചിരുന്നു.[3] സ്വീഡിഷ് കപ്പലായ ഡിലാഗോവ (Delagoa) എന്ന കപ്പലും ഇതേ സ്ഥലത്ത് വെച്ച് തന്നെ തകര്‍ന്നു. 1929- ല്‍ എസ്.എസ്.ഹോച്ച് (SS.Hochst) എന്ന കപ്പല്‍ ഈ ദ്വീപിന്റെ തെക്ക് കിഴക്ക് ഭഗത്തായി അപകടത്തില്‍ പെട്ട് മുങ്ങുകയുണ്ടായി. [1]

1959- ആഗസ്റ്റ് 11 ന് അമേരിക്കന്‍ ഓയില്‍ ടാങ്കറായ നാഷണല്‍ പീസ് (National Peace) എന്ന കപ്പല്‍ കില്‍ത്താന്‍ ദ്വീപിന്റെ വടക്ക് പാറയില്‍ ഇടിച്ച് കയറി.[4] 1962 ല്‍ ഈ കപ്പല്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റാനായി. 1974- ല്‍ മറ്റൊരു അമേരിക്കന്‍ ഓയില്‍ ടാങ്കറായ ട്രാന്‍സുറാം (Transhorn) ഇതേ സ്ഥലത്ത് വെച്ച് തകര്‍ന്നു.[2] ഈ കപ്പലില്‍ നിന്ന് 18,000 ടണ്‍ ഓയില്‍ ദ്വീപ് സമുദ്രത്തെ മലീനസമാക്കി. നിരവധി മീനുകള്‍ ചത്തൊടുങ്ങുകയും ചെയ്തു. ഈ എണ്ണ കേരള തീരം വരെ വ്യാപിച്ചതായി കേരളത്തിലെ പ്രമുഖ പത്രമായ മാതൃഭി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ വിക്കീലീക്സ് ഈ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.[5] ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇപ്പോഴും കാണാന്‍ സാധിക്കും.

1977-ല്‍ കടമത്ത് ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് പാറില്‍ ഇറ്റാലിയന്‍ കപ്പലായ പസഫിക്കോ എവറസ്റ്റ് ലാന്‍ഡാ (Pacefico Everest Landa) ഇടിച്ച് തകര്‍ന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിനു മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

1998- ല്‍ മാലിയില്‍ നിന്നും സലാലയിലേക്ക് പോവുകയായിരുന്ന ഡൈഡാലസ് (Daidalus) എന്ന ഇറ്റാലിയന്‍ ഉല്ലാസ നൗക ബിത്ര ദ്വീപിനു സമീപം അപകടത്തില്‍ പെട്ടു. ഗൈഡോഗോ, സബീനാ കൊഡോണ എന്നീ ദമ്പതികള്‍ മാത്രമായിരുന്നു ഈ നൗകയിലെ യാത്രക്കാര്‍.[7]

ഏറ്റവും ഒടുവിലായി 2010 -ആഗസ്റ്റ് 15 ന് കപ്പല്‍ ദുരന്തം നടന്നത് കവരത്തി ദ്വീപിനടത്തുവെച്ചായിരുന്നു. നന്ദ അപരാചിത (Nand Aparajita) എന്ന കാര്‍ഗോ ബാര്‍ജ് ദ്വീപിലേക്ക് സിമന്റ്, മണ്ണ് മുതലായവയുമായി വരുകയായിരുന്നു. അര്‍ധ രാത്രിയില്‍ മോശം കാലാവസ്ഥയെതുടര്‍ന്ന് കപ്പല്‍ നിയന്ത്രണം വിട്ട് തെക്ക് കിഴക്ക് പവിഴപ്പാറയിലിടിച്ച് കയറുകയായിരുന്നു. ഏറെ പരിശ്രമിച്ചിട്ടും ഇത് പുറത്തിറക്കാനായില്ല. അപകടത്തെതുടര്‍ന്ന് 400 ചതുരശ്ര മീറ്ററോളം പ്രദേശത്തെ പവിഴപ്പുറ്റുകള്‍ക്ക് കേടുപറ്റുകയും ചെയ്തു. [5] തുരുമ്പെടുക്കാനായി തയ്യാറെടുത്ത് കവരത്തി ദ്വീപിന്റെ തെക്ക് കിഴക്കായി ഇതും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
കപ്പല്‍ ദുരന്തങ്ങള്‍ ദ്വീപുകാരെ സംബന്ധിച്ച് അനുഗ്രഹമായിട്ടുണ്ട്. ദ്വീപിന്റെ സമ്പദ് ഘടന തന്നെ ഇവിടെ നടന്ന കപ്പലപകടങ്ങള്‍ മാറ്റി മറിച്ചിട്ടുണ്ട്. കപ്പലിലെ ലക്ഷക്കണക്കിന് വിലവരുന്ന സാധനങ്ങള്‍ ഇവിടത്തെ ജനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയുണ്ടായി. ഇപ്പോഴും പല വീടുകളിലും ഇതിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനാവും.

കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി രസകരവും സാഹസികവുമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപിലെ കപ്പല്‍ ദുരന്ത വിവരമറിഞ്ഞ് ചെത്ത്ലാത്തില്‍ നിന്ന് ഒരു തോണി (എട്ട് വലിക്കുന്നത്) കില്‍ത്താനില്‍ എത്തുകയും തോണി നിറയെ എണ്ണയുള്‍പ്പടെയുള്ള സാധനങ്ങള്‍ കയറ്റുകയും ചെയ്തു. യാത്രാമധ്യേ ഇവരുടെ തോണി മറിയുകയും ഇതിലുണ്ടായിരുന്ന ഒമ്പത് യാത്രക്കാരില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറുപേര്‍ അതി സാഹസികമായി രക്ഷപ്പെടുകയും ചെയ്തു. ഇവരില്‍ ഇവരിലൊരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കപ്പലില്‍ നിന്നും അനധികൃതമായി കൈക്കലാക്കിയ പല സാധനങ്ങളും ചെക്കിങ്ങ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന ഭയത്താല്‍ കുഴിച്ച് മൂടിയവരും ഉണ്ടായിരുന്നു. ഇവ പിന്നീട് ദ്വീപിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദ്വീപില്‍ മുങ്ങിക്കിടക്കുന്ന ഈ കപ്പലുകളുടെ അവശിഷ്ടങ്ങളില്‍ പവിഴപുറ്റുകള്‍ ധാരാളം വളര്‍ന്നിരിക്കുകയാണ്. ഇരുമ്പിന്റെ സാന്നിധ്യം പവിഴപ്പുറ്റുകള്‍ക്ക് വളമായാതാണ് ഇതിന് കാരണം. വൈവിധ്യമാര്‍ന്നതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയായി മാറിയ ഈ സ്പോട്ടുകള്‍ ഇപ്പോള്‍ ടുറിസ്റ്റുകളെ മനം കവരുന്ന ഡൈവിങ്ങ് പോയിന്റായിരിക്കുകയാണെന്നാണ് മുങ്ങല്‍ വിദഗ്ദരുടെ അഭിപ്രായം


[1] Shipwreck archaeology of the Lakshadweep Islands, westcoast of India
by S.Tripathi & P.Gudigar
[2] Laccadive Minicoy & Amindivi Islands by Moorkotha Ramunny
[3] A SHORT ACCOUNT OF THE LACCADIVE ISLANDS AND MINICOY
BY R. H. ELLIS.
[4] wikipeedia.com
[5] dweepdiary.com
[6] ചെത്ത്ലാത്ത് ചരിത്രത്താളുകളില്‍ by K.Bahir for the soveneer Manushyajalika.(പേജ് 55)
[7] കിളുത്തനിലെ കാവ്യ പ്രപഞ്ചം by K.Bahir (പേജ് 71)
[8] അറബിക്കടലിലെ പവിഴ ദ്വീപുകള്‍ by Sathikumarannair
 

No comments:

Post a Comment

Thank You for ur Comment